തിരുവനന്തപുരം: വോട്ട് ബാങ്ക് മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമൂഹത്തിൽ സമത്വം ഇല്ലാതാകുന്നതെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. സമത്വം ഇല്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ലെന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് പാണത്തൂരിൽനിന്നാരംഭിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നു ഭരണാധികാരികൾ ഉറപ്പുവരുത്തണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാൻ നടപടിയൊന്നുമില്ല. റിപ്പോർട്ടിലെ ശിപാർശകൾ പൂർണതോതിൽ നടപ്പാക്കണം. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതിലെ ഏതെങ്കിലും പ്രഖ്യാപനങ്ങൾ സമുദായത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊണ്ടുവരുന്നതാണു പതിവ്.
വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 17,000 പേരുടെ നിയമനമാണു തടസപ്പെട്ടിരിക്കുന്നത്.
വലിയൊരു സമൂഹത്തിന്റെ പ്രതീക്ഷകൾക്കാണ് ഇതു തിരിച്ചടിയാകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കും ഇതിടയാക്കും. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റുമെന്നാണ് കരുതുന്നത്. കോടതിയിലേക്കും നിയമനടപടികളിലേക്കും വലിച്ചിഴയ്ക്കാതെ പ്രശ്ന പരിഹാരത്തിനു സർക്കാർ തയാറാകണം.
വിദ്യാലയങ്ങളിലെ സമാധാനപൂർണമായ അന്തരീക്ഷം തകർക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു തന്നെയുള്ള ചില ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ആദ്യഘട്ടത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങൾ നടത്തിയവരാണ് പിന്നീട് മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന വൈരുധ്യവുമുണ്ട്- മാർ ത റയിൽ പറഞ്ഞു.
കാർഷികമേഖലയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കർഷകസമൂഹം നേരിടുന്ന പ്രശ്നങ്ങൾ അടക്കം പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ബിലീവേഴ്സ് ചർച്ച് തിരുവനന്തപുരം ബിഷപ് ഡോ. മാത്യൂസ് മാർ സിൽവാനോസ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം ബിഷപ് റവ. ഡോ. മോഹൻ മാനുവൽ, ബൈബിൾ ഫെയ്ത്ത് മിഷൻ തിരുവനന്തപുരം ബിഷപ് റവ. ഡോ. സെൽവദാസ് പ്രമോദ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ ലെഫ്. പ്രകാശ് ചന്ദ്ര പ്രധാൻ, ഇന്ത്യ ലൂഥറൻ ചർച്ച് ആർച്ച്ബിഷപ് റവ. ഡോ. റോബിൻസണ് ഡേവിഡ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്. ഡോ. ജോണ് തെക്കേക്കര, ചങ്ങനാശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്. ആന്റണി ഏത്തയ്ക്കാട്ട്, കത്തോലിക്ക കോണ്ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ റവ. ഡോ. സാവിയോ മാനാട്ട്, വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ജോർജ് കോയിക്കൻ, ഡോ. ജേക്കബ് നിക്കോളാസ്, ബിനു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിന് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഡോ.ജോസ് കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ, ഡോ.കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്, ഫിലിപ്പ് വെളിയത്ത്, ബിജു സെബാസ്റ്റ്യൻ, ജോർജ് കോയിക്കൽ, മനു വാരപ്പള്ളി എന്നിവർ നേതൃത്വം നൽകി.
ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം പരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, നെല്ല്, നാളികേരം, റബർ, ഇതര കാർഷികവിളകൾ എന്നിവയുടെ വിലത്തകർച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങൾ തടയുകയും അന്യായമായ ഭൂനിയമങ്ങൾക്കു പരിഹാരം കാണുകയും ചെയ്യുക, വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യാത്ര.